Tuesday, December 9, 2014

കാണാനും കാണിക്കാനും Episode 143----ശ്രീ. ഹേമാംബികാദേവി ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട്.

ദാരികന്റെ ആക്രമണങ്ങളില്‍ സഹികെട്ട ദേവന്മാര്‍ ആറു ദേവിമാരെ സൃഷ്‌ടിച്ചു. (ഷഡ്‌മാതാക്കള്‍) മഹേശ്വരന്‍ മഹേശ്വരിയേയും വിഷ്‌ണു വൈഷ്‌ണവിയേയും, ബ്രഹ്‌മാവ്‌ ബ്രാഹ്‌മിയേയും, ശ്രീകുമാരന്‍ കുമാരിയേയും, ഇന്ദ്രന്‍ ഇന്ദ്രാണിയേയും യമന്‍ വരാഹിയേയും സൃഷ്‌ടിച്ചു. ദാരികനുമായുള്ള യുദ്ധത്തില്‍ ഷഡ്‌മാതാക്കള്‍ പരാജയപ്പെട്ടു. ഇതില്‍ കുപിതനായ ശ്രീപരമേശ്വരന്‍ ജട പിഴുതെടുത്ത്‌ ഭദ്രകാളിയെ സൃഷ്‌ടിച്ചു. ഭദ്രകാളി, ദാരികനുമായി ഏറ്റുമുട്ടി യുദ്ധത്തില്‍ ദാരികനെ ഭദ്രകാളി വധിച്ചു.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമീണ കലാരൂപങ്ങളാണ്‌ കളമെഴുത്തും പാട്ടും. കളമെഴുത്ത്‌ അതിന്റെ എല്ലാ വൈവിധ്യത്തോടും കൂടി ഇന്നും അവശേഷിക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. ഉത്തരേന്ത്യയിലെ രംഗോലിക്കും ബംഗാളിലെ അല്‍പ്പനയ്‌ക്കും ആന്‌ധ്രയിലെ കളമെഴുത്തുമായി ബന്ധമുണ്ട്‌.
ഭാരതത്തില്‍ ആരാധിക്കാന്‍ തുടങ്ങിയ ആദ്യത്തെ ദേവതാസങ്കല്‍പ്പം ആദി ദ്രാവിഡരുടെ 'കൊറ്റവെ' ആണെന്ന്‌ കരുതപ്പെടുന്നു. ഈ കൊറ്റവെയുടെ സംസ്‌കൃതിയാണ്‌ ദുര്‍ഗ്ഗ.
കേരള ബ്രാഹ്‌മണരുടെ സൃഷ്‌ടിയെന്ന്‌ കരുതപ്പെടുന്ന വൈഷ്‌ണവ ദുര്‍ഗ്ഗയല്ല ശൈവമായ കാളി. ഈ കാളിയുടെ രൂപം വ്യക്‌തമായി നിര്‍ണ്ണയിക്കപ്പെടുന്നു. ധൂളി ചിത്രകലയുടെ തുടക്കം തന്നെ ഭദ്രകാളിയുടേതാണ്‌.
ധൂളി ചിത്രത്തിന്‌ നീളം, വീതി, ഘനം എന്ന മൂന്നുഭാഗം കൂടി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നു. തന്മൂലം വികാരതീവ്രതയും അനുഭവവേദ്യതയും ഇരട്ടിക്കുകയും ചെയ്യുന്നു.
കളമെഴുത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട്‌ ഒരു ഐതിഹ്യം തന്നെയുണ്ട്‌. പണ്ട്‌ ദാരികന്‍ എന്നൊരു അസുര രാജാവുണ്ടായിരുന്നു. അദ്ദേഹം തപസ്സ്‌ ചെയ്‌ത് ബ്രഹ്‌മാവില്‍നിന്നും ഒരു വരം വാങ്ങി. ഒരു സ്‌ത്രീയുടെ കൈകൊണ്ടു മാത്രമേ തനിക്ക്‌ മരണം സംഭവിക്കാന്‍ പാടുള്ളൂ എന്നായിരുന്നു അത്‌. വരലബ്‌ധിയോടെ അഹങ്കാരിയായിത്തീര്‍ന്ന ദാരികാസുരന്‍ ദേവലോകം ആക്രമിച്ചു.
ദാരികന്റെ ആക്രമണങ്ങളില്‍ സഹികെട്ട ദേവന്മാര്‍ ആറു ദേവിമാരെ സൃഷ്‌ടിച്ചു. (ഷഡ്‌മാതാക്കള്‍) മഹേശ്വരന്‍ മഹേശ്വരിയേയും വിഷ്‌ണു വൈഷ്‌ണവിയേയും, ബ്രഹ്‌മാവ്‌ ബ്രാഹ്‌മിയേയും, ശ്രീകുമാരന്‍ കുമാരിയേയും, ഇന്ദ്രന്‍ ഇന്ദ്രാണിയേയും യമന്‍ വരാഹിയേയും സൃഷ്‌ടിച്ചു. ദാരികനുമായുള്ള യുദ്ധത്തില്‍ ഷഡ്‌മാതാക്കള്‍ പരാജയപ്പെട്ടു. ഇതില്‍ കുപിതനായ ശ്രീപരമേശ്വരന്‍ ജട പിഴുതെടുത്ത്‌ ഭദ്രകാളിയെ സൃഷ്‌ടിച്ചു. ഭദ്രകാളി, ദാരികനുമായി ഏറ്റുമുട്ടി യുദ്ധത്തില്‍ ദാരികനെ ഭദ്രകാളി വധിച്ചു.
എന്നിട്ടും്‌ ദേവിയുടെ കലി ശമിച്ചില്ല. ഭദ്രകാളിയെ ശാന്തയാക്കാന്‍ ശ്രീപരമേശ്വരന്‍ ഗാഢമായി ആലോചിച്ച ശേഷം ഭദ്രകാളിവരുന്ന വഴിയില്‍ മാര്‍ഗ്ഗതടസ്സമായി ചെന്നു കിടന്നു. ഭദ്രകാളി ശ്രീപരമേശ്വരനെ അറിയാതെ ചവിട്ടിപ്പോയി അബദ്ധം പറ്റിയെന്ന്‌ മനസ്സിലാക്കിയ കാളി അയ്യോ അച്‌ഛായെന്ന്‌ പറഞ്ഞു. എന്നാല്‍ ശ്രീപരമേശ്വരനെപ്പോലും ചവിട്ടിക്കടന്ന്‌ കാളി പോയി. ദാരികന്റെ വെട്ടിയെടുത്ത ശിരസ്സുമായി കൈലാസത്തിലേക്കാണ്‌ പോയത്‌.
ഈ സമയം ശ്രീപരമേശ്വരന്‍ 'കുറുപ്പ്‌' എന്നൊരാളെ ഉടനെ സൃഷ്‌ടിച്ചു. രൗദ്രരൂപിയായ ശ്രീഭദ്രകാളിയുടെ ചിത്രം കൈലാസ കവാടത്തിന്‌ മുമ്പില്‍ വരയ്‌ക്കാന്‍ കുറുപ്പിനോട്‌ ആവശ്യപ്പെട്ടു. കുറുപ്പ്‌ അപ്രകാരം ചിത്രം കൈലാസ കവാടത്തില്‍ ആദ്യമായി വരച്ചു.
കൈലാസത്തില്‍ എത്തിച്ചേര്‍ന്ന ഭദ്രകാളി ചിത്രത്തില്‍ തന്റെ ഭീകരരൂപം കണ്ട്‌ ശാന്തയായി. ഇതിനെത്തുടര്‍ന്നാണ്‌ ഭദ്രകാളി ക്ഷേത്രങ്ങളില്‍ കളമെഴുതുന്ന പതിവ്‌ ഉണ്ടായത്‌.കളമെഴുതി ദേവിയെ സ്‌തുതിച്ചാല്‍ ഭക്‌തരുടെ അഭീഷ്‌ട കാര്യങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം.
കളമെഴുത്തില്‍ അടിസ്‌ഥാനപരമായി പഞ്ചവര്‍ണ്ണപ്പൊടികളാണ്‌ ഉപയോഗിക്കുന്നത്‌. കരിപ്പൊടി (ഉമിക്കരി), അരിപ്പൊടി (വെളുപ്പ്‌), മഞ്ഞള്‍പ്പൊടി (മഞ്ഞ), വാക ഇലപ്പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത ചുമപ്പുപൊടി എന്നിവയാണവ.
ഈ പൊടികള്‍ പരസ്‌പരം കൂട്ടിച്ചേര്‍ത്ത പലതരത്തിലുള്ള നിറങ്ങളും ഉണ്ടാക്കാറുണ്ട്‌. പ്രാഥമിക നിറങ്ങളിലൊന്നായ നീല ഉപയോഗിക്കാറില്ലെന്നത്‌ ഈ കളംവരയുടെ പ്രത്യേകതയാണ്‌.
പഞ്ചവര്‍ണ്ണപ്പൊടികള്‍
കരിപ്പൊടി- പ്രതലം ഒരേ രൂപത്തിലാക്കുന്നതിനും ചിത്രങ്ങള്‍ക്ക്‌ ഭംഗി കൂട്ടുന്നതിനും ഉപയോഗിക്കുന്നു.
പച്ചപ്പൊടി- ചിത്രത്തിന്റെ 'അസ്‌ഥി'യായി സങ്കല്‍പ്പിക്കുന്നു.
മഞ്ഞപ്പൊടി- ചിത്രത്തിന്റെ 'ഞരമ്പ്‌' ആയി സങ്കല്‍പ്പിക്കുന്നു.
ചുവന്ന പൊടി- 'രക്‌തമായി' സങ്കല്‍പ്പിക്കുന്നു.
വെള്ളപ്പൊടി- ചിത്രത്തിന്റെ ഉപരിഭാഗം 'തൊലി'യായി സങ്കല്‍പ്പിക്കുന്നു.
കളമെഴുത്തില്‍ ഒരു നിശ്‌ചിത എണ്ണം നിറങ്ങളേ ഉപയോഗിക്കാവൂ എന്നൊന്നും നിബന്ധനകളില്ല. കൃതഹസ്‌തനായ ഒരു കളമെഴുത്തുകാരന്‍ അവന്റെ ഭാവനയ്‌ക്കനുസരിച്ച്‌ ആവശ്യാനുസരണം നിറങ്ങള്‍ ഉപയോഗിച്ച്‌ കളമെഴുത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
കളത്തിന്റെ മാതൃകകള്‍ നോക്കി വരച്ചും അതിന്റെ പ്രതിച്‌ഛായ ശരിപ്പെട്ടില്ലെന്ന്‌ തോന്നുമ്പോള്‍ മായിച്ച്‌ നേരെയാക്കിയും വരയ്‌ക്കുന്ന കളമെഴുത്തു സമ്പ്രദായമല്ല; കളമെഴുത്തുകാര്‍ പിന്‍തുടരുന്നത്‌.
കേശാദിപാദവര്‍ണ്ണനകളിലോ, ധ്യാനമന്ത്രങ്ങളിലോ പ്രതിപാദിച്ചിട്ടുള്ള ഇഷ്‌ടദേവതാ രൂപങ്ങളെ നേരിട്ടു വരയ്‌ക്കുകയാണ്‌ ഈ അനുഷ്‌ഠാന കലയുടെ രചനാവിദ്യ. ഇതിന്‌ ആദ്യമായി ഒരു നേര്‍രേഖ വരയ്‌ക്കും, ആയുര്‍രേഖ അഥവാ ബ്രഹ്‌മസൂത്രം എന്നാണ്‌ കളമെഴുത്തുകാര്‍ ഇതിന്‌ പേര്‌ വിളിക്കുന്നത്‌. ആയുര്‍രേഖയെ അടിസ്‌ഥാനപ്പെടുത്തിയാണ്‌, കൈപ്പത്തിയുടെ അളവില്‍ നേര്‍രേഖയ്‌ക്ക് ഇരുപുറവുമായി ഓരോ അടയാളമിടുന്നത്‌. അവിടെനിന്നാണ്‌ ശരീരാവയവങ്ങള്‍ വരച്ചു തുടങ്ങുന്നത്‌.
മുഖത്തിന്റെ ഇരട്ടിയായിരിക്കും; ഉദരം. മുഖം മുതല്‍ ഉദരം വരെയുള്ള വലുപ്പം കൈയ്‌ക്കും. അത്രതന്നെ വലുപ്പം ഉദരം മുതല്‍ പാദം വരെയും ഉണ്ടായിരിക്കും. നാസിക, ചുണ്ട്‌, സ്‌തനം, കണ്ണുകള്‍ എന്നിവ എഴുന്നു നില്‍ക്കുന്ന വിധത്തിലാണ്‌ കളം വരയ്‌ക്കുന്നത്‌.
ഈ വിധത്തില്‍ നില്‍ക്കുന്നതിന്‌ നാസികയ്‌ക്കും ചുണ്ടിനും കണ്ണുകള്‍ക്കും വര്‍ണ്ണപ്പൊടികള്‍ ഉപയോഗിക്കുന്നു. സ്‌തനങ്ങള്‍ക്ക്‌ അരിയും നെല്ലുമാണ്‌ ഉപയോഗിക്കുന്നത്‌. വലത്തേ സ്‌തനത്തിന്‌ അരിയും ഇടത്തെ സ്‌തനത്തിന്‌ നെല്ലും എന്ന ക്രമവും പാലിക്കപ്പെടേണ്ടതുണ്ട്‌. പിന്നീടവ നിറങ്ങള്‍ ഉപയോഗിച്ച്‌ മറയ്‌ക്കുന്നു. ഭദ്രകാളി, ദുര്‍ഗ്ഗ, ചാമുണ്‌ഡേശ്വരി, അയ്യപ്പന്‍ വേട്ടയ്‌ക്കൊരു മകന്‍, യക്ഷി, ഗന്ധര്‍വ്വന്‍ തുടങ്ങിയ മൂര്‍ത്തികളെയാണ്‌ കളമെഴുത്തില്‍ മുഖ്യമായി വരയ്‌ക്കുന്നത്‌.
കളമെഴുത്ത്‌ പൂര്‍ത്തിയായാല്‍ കളത്തിലേക്ക്‌ ദേവതാ സാന്നിദ്ധ്യം ആവാഹിക്കും. തുടര്‍ന്ന്‌ പൂജാക്രമങ്ങള്‍ എല്ലാം നടത്തിയതിനുശേഷം കളമെഴുത്തുപാട്ട്‌ ആരംഭിക്കും. ദേവീ-ദേവന്മാരുടെ സ്‌തുതികളാണ്‌ കളമെഴുത്ത്‌ പാട്ടിന്റെ ഉള്ളടക്കം.
പാട്ട്‌ അവസാനിച്ച്‌ കഴിഞ്ഞാല്‍ കര്‍പ്പൂരാരാധനയ്‌ക്കുശേഷം കാല്‍ മുതല്‍ കഴുത്തിന്റെ ഭാഗംവരെ പൂക്കില കൊണ്ട്‌ മായ്‌ക്കുന്നു. മുഖം കൈകള്‍കൊണ്ടാണ്‌ മായ്‌ക്കുന്നത്‌. കുറുപ്പാണിത്‌ ചെയ്യുന്നത്‌. നാഗകളങ്ങളും, ഗന്ധര്‍വ്വകളങ്ങളും, കളത്തില്‍ അനുഗ്രഹിച്ച്‌ വരുന്ന മൂര്‍ത്തികളാണ്‌ പൂക്കില കൊണ്ട്‌ മായ്‌ക്കുന്നത്‌.
കളമെഴുത്ത്‌ കുലത്തൊഴിലായി സ്വീകരിച്ച പല സമുദായങ്ങളും കേരളത്തിലുണ്ട്‌. എങ്കിലും ജന്മാവകാശമായി കുറുപ്പന്മാര്‍ക്കാണ്‌ ശ്രീപരമേശ്വരനില്‍നിന്നും കളം വരയ്‌ക്കാനുള്ള അനുവാദവും അനുഗ്രഹവും വരമായി കിട്ടിയത്‌.
കളമെഴുത്തില്‍ കുറുപ്പന്മാരാണ്‌ ഇവരില്‍ പ്രധാനികള്‍. കളമെഴുത്തു പാട്ടിനും മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുതുന്നത്‌ കുറുപ്പന്മാരാണ്‌.
അയ്യപ്പന്‍ തീയാട്ടിന്‌ കളമെഴുതുന്നത്‌ തീയാടി നമ്പ്യാന്മാരും, നാഗകളങ്ങള്‍ എഴുതുന്നത്‌ പുള്ളുവ പണിക്കന്‍ സമുദായവും ഭദ്രകാളി തീയാട്ടിന്‌ കളമെഴുതുന്നത്‌, തീയാട്ട്‌ ഉണ്ണികളുമാണ്‌. വ്രതം എടുത്താണ്‌ കളം വരയ്‌ക്കുന്നത്‌. വര്‍ണ്ണങ്ങള്‍ കൃത്യമായി വിതറിക്കൊണ്ട്‌ കളമെഴുതിത്തുടങ്ങുമ്പോള്‍ ഈ നിറക്കൂട്ടുകളില്‍ തെളിയുന്നത്‌ ദേവീ-ദേവന്മാരുടെ ചിത്രങ്ങളാണ്‌. കേരളത്തിന്റെ ചിത്രകലാ പാരമ്പര്യത്തിന്റെ മഹത്വം വെളിവാക്കുന്നതാണിത്‌.
ഓം നമോ ഭഗവതീ ശ്രീ മഹാദേവന്റെ തിരുജടയില്‍ പിറന്ന ശ്രീ ഭദ്രകാളീ, ശ്രീ മഹാദേവന്റെ തിരുമുന്നില്‍നിന്ന്‌ നൃത്തമാടുന്ന കാളീ തച്ചൊതുക്കി കുലപ്പെടുത്തുന്ന കാളീ രാക്ഷസ ക്രൂരജനങ്ങളെ വധിക്കുന്ന കാളീ, ചന്ദ്രതിലകവും തൊട്ട്‌ എല്ലാ ദേവന്മാരാലും സ്‌തുതിക്കപ്പെട്ടവളേ മധുകൈടഭന്മാരെ പൊരുതവളേ കൊടുങ്ങല്ലൂരമരും ശ്രീ ഭദ്രകാളീ- നമഃ സ്‌തുതേ.













No comments:

Post a Comment